Monday, June 20, 2011

റീ എക്സ്പോർട്ട്



റീ എക്സ്പോർട്ട്
(അതായത് ഒരു പ്രവാസി-പത്നിയുടെ കരിഞ്ഞ ദു:ഖങ്ങൾ)

- മമ്മൂട്ടി കട്ടയാട്, ദുബൈ –

(അന്തുക്കയുടെ പതിനേഴാം വരവ് എന്ന് ശീർഷകത്തിൽ മാതൃഭൂമിയിൽ ഫസീല റഫീഖ് എഴുതിയ ഒരു ഗൾഫനുഭവം വായിച്ച ശേഷം അന്തുക്കയുടെ ഭാര്യയുടെ പക്ഷം ചേർന്ന് എഴുതിയ കവിതയാണിത്. 33 വർഷം പ്രവാസ ജീവിതം നയിച്ച ഈ കണ്ണൂർ സ്വദേശി ശിഷ്ട കാലം സ്വന്തം നാട്ടിൽ ജീവിച്ചു തീർക്കാൻ പോയതായിരുന്നു. പക്ഷേ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. ആരോടും പരാതിയില്ലാതെ ഏഴു മാസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഗൾഫിലെത്തി പഴയ ജോലിയിൽ പ്രവേശിക്കുന്ന വേദനാജനകമായ ഒരു സംഭവമാണ് ലേഖനത്തിൽ പറയുന്നത്)


ആയ കാലത്തൊരു കൈത്താങ്ങു നൽകാതെ
പോയതല്ലേ നിങ്ങളെല്ലാമുപേക്ഷിച്ച്;

പോകാമിനിയുമാ നരകം കരം നീട്ടി
സ്വീകരിക്കാനവിടെയുണ്ടാകുമിപ്പൊഴും.

അരുതെന്നു പറയുവാൻ ഭാര്യയോ മക്കളോ
വരുമെന്നു കരുതരുത്, സമയം കഴിഞ്ഞു പോയ്

നന്ദികേടാണെന്നു മാലോകരോടു പോയ്
ചൊന്നാലുമൊന്നും വരാനില്ലിവൾക്കിനി.

മുപ്പത്തിമൂന്നാണ്ടു പേറിയ നോവിന്റെ-
യൊപ്പമെത്തില്ലൊരു പഴിയുമാക്ഷേപവും.

കാരിരുമ്പേക്കാൾ കടുത്തു പോയ് ഹൃത്തട-
മാർദ്രമാകില്ലിനിയൊരു നോവിലും.

എല്ലുകൾ മുറിയും വരേ വേല ചെയ്യുകിൽ
പല്ലുകൾ മുറിയെക്കഴിക്കാം നമുക്കെന്നു

ചൊല്ലി മോഹിപ്പിച്ചു പലവട്ടമന്ത്യമോ
പല്ലു കൊഴിഞ്ഞൊരു സിംഹമായ് വന്നു നീ.

* * *
പനിവന്നു മക്കളാലില പോൽ വിറയ്ക്കവേ,
തുണയായൊരാൾ കൂട്ടിനില്ലാതിരിക്കവേ,

വിദ്യാലയത്തിൽ നിന്നടിപിടികളുണ്ടാക്കി
വാധ്യാരു കൊച്ചിന്റെയച്ഛനെക്കേൾക്കവേ,

കല്ല്യാണമാഘോഷമടിയന്തിരം കാതു
കുത്തലും പേറുമീറ്റും വരേയെന്തിനും

നല്ലോണമങ്ങു നൽകാതിരുന്നാൽ ചുളി-
ഞ്ഞില്ലാതെയാകുന്ന മുഖമൊന്നു കാണവേ,

പഴികേട്ടു പഴികേട്ടുളുപ്പുകളോരോ-
ന്നഴിഞ്ഞഴിഞ്ഞങ്ങനെ നഗ്നയായ് മാറവേ,

കൂട്ടിക്കുറച്ചും ഗുണിച്ചും ഹരിച്ചുമീ
വീട്ടിന്റെ ചെലവിനാൽ കെട്ടി മറിയവേ,

സാന്ത്വനം നൽകേണ്ട ബന്ധു മിത്രാതിക-
ളന്ത്യ കൂദാശയ്ക്കു വേണ്ടി ദാഹിക്കവേ,

ഓടിയെത്തേണ്ടോരയൽപക്കമൊക്കെയും
കൂടിയിരുന്നപരാധം പറയവേ,

വില്ലേജ്, താലൂക്ക്, പള്ളി, പള്ളിക്കൂട-
മെല്ലായിടത്തും കയറിയിറങ്ങവേ,

വെള്ളം കരണ്ടിനും ഗ്യാസിനും റേഷനും
ബില്ലു പെയ്മെന്റിനായ് ക്യൂകളിൽ നിൽക്കവേ,

കൂടെയുണ്ടായിരുന്നെങ്കിലെന്നെത്രയോ
തേടിയിരുന്നിവൾ, നിങ്ങൾക്കതറിയുമോ?.

ചൊല്ലിയിട്ടെന്തിനി? കൈവിട്ടൊരമ്പു പോ-
ലെല്ലാം തൊടുത്തു പോയ് ക്രൌഞ്ചമെരിഞ്ഞു പോയ്!!.

* * *
സന്ധ്യയാകാനിങ്ങു നിമിഷങ്ങളുള്ളൊരീ-
യന്ത്യമാം നേരത്തു വന്നിങ്ങു ചെങ്കോലു-

മേന്തിയിട്ടൊരു രാജ ഭരണം കൊതിക്കുകിൽ
‘മന്ദബുദ്ധി’യെന്നു പ്രജകൾ വിളിച്ചിടാം.

സൂചന തന്നു ഞാൻ നിങ്ങൾ പഠിച്ചില്ല
യാചിച്ചു പിന്നെയും പിന്നെയും കേട്ടില്ല

ബന്ദായ്, മുടക്കമായ്, പ്രതിഷേധമായിവ-
ളന്ത്യമുണ്ണാതെയിരുന്നു സത്യാഗ്രഹം;

എന്നിട്ടുമിളകാത്ത മല പോലെ നിന്നു നീ-
യൊന്നും മറക്കുവാൻ കഴിയില്ലൊരിക്കലും.

* * *
നേരത്തിനന്നം തരുന്നുണ്ട്, സൂക്കേടു
വരവേ മരുന്നുകൾ വാങ്ങാൻ വരുന്നുണ്ട്,

ചാരിയിരിക്കുവാനുമ്മറത്തൊരു നല്ല
ചാരു കസേരയും കൊണ്ടു വച്ചിട്ടുണ്ട്,

എന്തിന്റെ കുറവാണു നിങ്ങൾക്കിവിടെയെ-
ന്നെന്തേ പറയുവാൻ നിങ്ങൾ മടിക്കുന്നു?

‘പല്ലിന്നു സൌര്യമോ? പണ്ടുള്ളതേ ഫല-
മില്ലയിന്നെന്നോ, ക്ഷമിക്കുക ‘നിശ്ചയം;

കാലമാണാത്മ നാഥാ ദുരന്തത്തിലെ
വില്ലനെന്നറിയുക, മാപ്പു നൽകീടുക’.

ഇങ്ങോട്ടു കിട്ടുന്നതൊക്കെ നാമെങ്ങിനെ-
യങ്ങോട്ടു നൽകുന്നുവെന്ന പോലല്ലയോ?

അങ്ങോട്ടു നൽകാത്തതെന്തിനു നാം വൃഥാ-
യിങ്ങോട്ടു കിട്ടുവാനാശ വെച്ചീടുന്നു?

വരുമാനമൊരുനാൾ നിലച്ചതിനാലുള്ളൊ-
രരിശമാണെന്നു നീയൂഹിച്ചുവോ?

സൌര്യമായ് മേയുന്ന പശുവിനെക്കയറിൽ
കുരുക്കിയ വൈരമെന്നും നിനച്ചോ?

ഈച്ചയെക്കൊല്ലാനിരുമ്പുലക്ക വാങ്ങി
വെച്ചതെന്തേയെന്നു മിങ്ങു കേട്ടോ?

കാൽനടകളായെത്തുവാനുള്ളിടത്തേക്കു
കൂലി നൽകി വണ്ടി കൂട്ടിയെന്നോ?

നൂറു കാശൊരു ദിനം തീർന്നു പോകാനുള്ള
കാരണമെന്തെന്നു ചിന്തിച്ചുവോ?

തിന്നാൻ കൊടുത്ത കിടാങ്ങളോച്ഛാനിച്ചു
മുന്നിൽ വരാത്തതിൽ നോവുന്നുവോ?

സങ്കടങ്ങൾ പങ്കു വെക്കുവാനിവിടമിൽ
സമശീർഷ്യരില്ലെന്നു പരിതപിച്ചോ?

ഇതിനൊക്കെ ഹേതുവാരാണെന്നതോ മുന്ന-
മാ വിത്തു വിതയേറ്റിയോനല്ലയോ?

മുതലാളിമാർക്കായ് കനിഞ്ഞ സ്നേഹത്തിന്റെ
പത്തിലൊന്നെങ്കിലും നൽകിയെങ്കിൽ

മുതലുമീ മക്കളും താതന്റെ മുമ്പിൽ സാ-
കൂതം വണങ്ങുവാനെത്തിയേനെ.

No comments:

Post a Comment