Saturday, December 25, 2010

അമേരിക്കൻ ഭടന്റെ മരണം



അമേരിക്കൻ ഭടന്റെ മരണം.
മമ്മൂട്ടി കട്ടയാട്‌.

മർത്ത്യനേതോവൊരാൾ മൃത്യു വരിച്ചെന്ന
വാർത്ത കേൾക്കേയാശ്വസിക്കരുതെങ്കിലും,
വർഗ്ഗവും വംശവുമേതാകിലും ദുഃഖ-
പർവ്വങ്ങളിൽ സുഖം കാണരുതെങ്കിലും;
ദൂരെയിറാക്കിന്റെ മണ്ണിലമേരിക്കൻ
പോരാളിമാരൊരാൾ വെടിയേറ്റു വീഴവേ;
ഓർത്തുല്ലസിക്കുന്നുവെൻ മനം ശത്രുവി-
ന്നാർത്ത നാദങ്ങളുമാശ്വാസ ദായകം.

നായരു പണ്ടു പിടിച്ചൊരപ്പുലിയുടെ
വാലുമായിതിനു സാദൃശ്യമില്ലേയെന്നു
ന്യായമായും സംശയിച്ചു പോകുന്നുവ-
ന്യായത്തിനന്യായമല്ലോ പ്രതിഫലം.

നിഴലുകൾ നോക്കി വെടിവെക്കുവാനുള്ള
കഴിവുകൾ സ്വയമേവയഭിമാനമാക്കിയ
കഴുക വർഗ്ഗത്തിനു കൊന്നുതിന്നാലുള്ള
വഴികളാണിന്നു നാലാംകിട നാടുകൾ.

ഒന്നുമറിയാതെ നന്നായുറങ്ങുന്ന
പൊന്നു കിടാങ്ങളെയുമവറ്റയെ
പെറ്റു വളർത്തിയ തായമാരേയുമി-
ന്നൊറ്റയടിക്കു വക വരുത്തീടുവാൻ
മറ്റാർക്കു കഴിയുമമേരിക്കയിൽ നിന്നു
കേറ്റിയയച്ച തെമ്മാടികൾക്കല്ലാതെ.

എലിയെപ്പിടിക്കുവാനില്ലം ചുടുകയു-
മെല്ലാം കഴിഞ്ഞ ശേഷം നോം ജയിച്ചെന്നു
വലിയ വായിൽ വീമ്പിളക്കയും ചെയ്യുന്ന
വലിയേട്ടനോടു നാമെവിടെയാ വാഗ്ദത്ത
ഭൂമിയും നീതിയും സ്വാതന്ത്ര്യവും പിന്നെ-
യേമാന്റെ സ്വന്തം ജനായത്തവുമെന്ന്
കേട്ടാലവർ കൺമിഴിച്ചു നിന്നീടുമീ
മട്ടിലും മർത്ത്യരുണ്ടെന്നതാണതിശയം.!!

ഭീഷണിയാം വാൾമുനകളിൽ നിർത്തിയു-
മോശാരമായ്‌ വിഷം തേനിൽ കലക്കിയു-
മന്യ ദേശങ്ങളെ വരുതിയിൽ നിർത്തുവാ-
നെന്നും സമർത്ഥരാണീയൈക്യ നാടുകൾ.

തല്ലുന്നവന്നു തല്ലാനുള്ളതും തല്ല്
കൊള്ളുന്നവന്നതു തടയുവാനുമുള്ള
രണ്ടായുധങ്ങളും വിൽക്കുന്നതുമതി-
ലുണ്ടായ രക്തം കുടിക്കുന്നതുമൊരാൾ.

പണ്ടൊരാറിന്റെ താഴ്‌ ഭാഗങ്ങളിൽ നിന്നു
കൊണ്ടൊരാട്ടിൻ കുട്ടി വെള്ളം കുടിക്കവേ;
ഓതിയത്രെയൊരു ചെന്നായയാറിന്റെ
മീതെ നി"ന്നാടേ, കലക്കൊല്ല നീ നീര്"
താഴെക്കിടക്കുന്ന ഞാനെങ്ങനെ പ്രഭോ-
വൊഴുകുന്നയാറിന്റെ മീതെക്കലക്കുമെ-
ന്നാരാഞ്ഞയാടോട്‌ ചൊന്നു പോൽ ചെന്നായ
മുന്നം കലക്കിയിട്ടുണ്ടു നിൻ പൂർവ്വികർ.
ചാടിവീണുടനെയക്കശ്മലനാടിന്റെ
ചൂടുള്ള രക്തം കുടിച്ചു തിരിച്ചു പോയ്‌.

ന്യായങ്ങളൊക്കെയും പുകമറയാണിവർ-
ക്കന്യായ വൃത്തിയോ ജീവിത ചര്യയും
നീതി പീഠങ്ങളെല്ലാമീ വരേണ്യർ ത-
ന്നാധിപത്യത്തിലാണെന്നതുമോർക്കുക.

കണ്ടറിയാത്തവൻ കൊണ്ടറിയുമെന്ന
രണ്ടു വാക്കെങ്കിലുമോർമ്മയിൽ വെക്കുവാൻ
യാങ്കിയേമാന്മാർ മറന്നു പോകാതിരു-
ന്നെങ്കിലെന്നെങ്കിലുമാശിച്ചിടുന്നിവൻ.

No comments:

Post a Comment