Saturday, December 18, 2010

പ്രവാസ ഗീതം.പ്രവാസ ഗീതം.

മമ്മൂട്ടി കട്ടയാട്‌.

കരയും കിടാങ്ങളെ പാടിയുറക്കിയു-
മരിയില്ലാതുഴറുമൊരിണയെ മയക്കിയു-
മെരിയും വയറിന്മേൽ മുണ്ടു മുറുക്കിയും
വിരിയും വികാരങ്ങൾ മണ്ണിലടക്കിയു-
മൊരു പറ്റം പറവകൾ പാരാവാരത്തിന്റെ
മറുകരയിലേക്കു പാറിപ്പോയി.

പൊരിയുന്ന വെയിലിലും കരിയാതെയാവേശം
കരഗതമാക്കിയോരാ ഖഗങ്ങൾ
ഇരവും പകലും തന്നുടയവർക്കായ്‌ കൊടും
മരുഭൂമിയിലും ചികഞ്ഞീടുന്നു.

മൂവന്തിയായാലുമധ്വാനിക്കുന്നയി-
പ്പാവങ്ങൾക്കു കിട്ടുന്നതു തെല്ലു-
മാവുന്നില്ലാശ്വാസമാകാനവർക്കു-
മവരിലാശ വെക്കുമാശ്രിതർക്കും.

എല്ലു മുറിയെപ്പണിതിട്ടും പിന്നീട്‌
പല്ലു മുറിയെക്കഴിക്കുവാനോ,
വല്ലതും ബാക്കിവച്ചു ശേഷിക്കും കാല-
മല്ലലില്ലാതെ കഴിയുവാനോ,-
യെന്തു കൊണ്ടോവാകുന്നില്ലയിവറ്റകൾ-
ക്കെന്താണു കാരണമെന്നു ചൊല്ലാൻ
ബുദ്ധിമാൻമാർക്കും കഴിയുന്നില്ലവരുടെ-
യന്ത്യമൊരു ചോദ്യ ചിഹ്നമല്ലോ?

തിന്നു കൊഴുക്കുമിറച്ചിക്കോഴിയെപ്പോൽ
എന്നുമിവർ വേഗം വലുതാകുന്നു
പിന്നീടേതോ വമ്പന്മാരുടെ മേശയ്ക്കു
മുന്നിലെയന്നമായ്‌ മാറീടുന്നു.

എന്തിനു വേണ്ടിയധ്വാനിക്കുന്നുവെന്നോ
യെന്തിനു വേണ്ടി വളരുന്നെന്നോ?
ശുദ്ധ മനസ്ക്കരിവർക്കറിയുന്നില്ല
കത്തിയെരിയുന്ന തിരിയാണിവർ.

കാനൽ ജലം കണ്ട്‌ ദാഹം തീർക്കാൻ മണൽ-
ക്കൂനകൾ താണ്ടുമൊട്ടകങ്ങളായ്‌
പിന്നേയും പിന്നേയുമന്വേഷിച്ചകലങ്ങൾ
ചെന്നു തിരഞ്ഞു മടുക്കുന്നിവർ.


മദ്യവും ലഹരിയും പോലെ മനുഷ്യനെ-
യുന്മാദനാക്കുന്നു ദേശാടനം.
പതിയെത്തുടങ്ങിക്കഴിഞ്ഞാലതു മാറാ
വ്യാധി പോൽ കെണിയിൽ കുരുക്കീടുന്നു.

ദേശാടനം ചെയ്യും കിളികളുമവരുടെ
ദേശത്തിലേക്കു തിരിച്ചു പോകും.
ദേശം വെടിഞ്ഞ മനുഷ്യന്മാർക്കോ സ്വന്തം
ദേശങ്ങൾ ശേഷമന്യമായ്‌ മാറും.

* * * *

വേപഥു വേണ്ടാ, പ്രവാസ ബന്ധൂ, നമ്മ-
ളാപേക്ഷികം കൊണ്ടളന്നിടേണം
ഇല്ലാത്തതിന്റെ കണക്കെടുക്കുമ്പോഴു-
മുള്ളതിനെക്കുറിച്ചോർമ്മ വേണം.

ലക്ഷക്കണക്കിനു മാനവർ ഭൂമിയിൽ
ഭക്ഷണമില്ലാതലഞ്ഞിടുമ്പോൾ
കൊച്ചു വയറുനിറച്ചങ്ങകലെ സു-
ഭിക്ഷമായ്‌ കഴിയുന്നു നിൻ കിടാങ്ങൾ

വോട്ടു ലഭിച്ചാലെല്ലാമായെന്നു നമ്മ-
ളൊട്ടും നിനക്കൊല്ല, സ്വന്തം നാട്ടിൽ
വോട്ടു ചെയ്യുന്നില്ലേയാറു ദശാബ്ദമ-
ക്കൂട്ടരെന്നിട്ടെന്തേ സ്വർഗ്ഗം വന്നോ?

ഉള്ളതു കൊണ്ടുള്ളതു പോൽ കഴിയുവാ-
നുള്ള മനസ്സിന്നുടമകളു-
മെല്ലാമടക്കി വാഴുന്ന മന്നന്മാരും
തുല്യരാണീ മണ്ണിലന്നു മിന്നും 1

എല്ലാമുണ്ടായിട്ടുമത്യാഗ്രഹങ്ങൾക്കാ-
യില്ലോരതിരെങ്കിലാ ധനാഢ്യൻ
എച്ചിൽ തിരഞ്ഞു നടക്കുന്ന ശ്വാനൻ പോൽ
മ്ലേച്ഛനാണൊന്നും തികയുകില്ല.
--------------------------------
1. ഇമാം ശാഫി(റ)യുടെ വാക്കുകളോട്‌ കടപ്പാട്‌
July 2009

No comments:

Post a Comment