Saturday, December 25, 2010

അമേരിക്കൻ ഭടന്റെ മരണം



അമേരിക്കൻ ഭടന്റെ മരണം.
മമ്മൂട്ടി കട്ടയാട്‌.

മർത്ത്യനേതോവൊരാൾ മൃത്യു വരിച്ചെന്ന
വാർത്ത കേൾക്കേയാശ്വസിക്കരുതെങ്കിലും,
വർഗ്ഗവും വംശവുമേതാകിലും ദുഃഖ-
പർവ്വങ്ങളിൽ സുഖം കാണരുതെങ്കിലും;
ദൂരെയിറാക്കിന്റെ മണ്ണിലമേരിക്കൻ
പോരാളിമാരൊരാൾ വെടിയേറ്റു വീഴവേ;
ഓർത്തുല്ലസിക്കുന്നുവെൻ മനം ശത്രുവി-
ന്നാർത്ത നാദങ്ങളുമാശ്വാസ ദായകം.

നായരു പണ്ടു പിടിച്ചൊരപ്പുലിയുടെ
വാലുമായിതിനു സാദൃശ്യമില്ലേയെന്നു
ന്യായമായും സംശയിച്ചു പോകുന്നുവ-
ന്യായത്തിനന്യായമല്ലോ പ്രതിഫലം.

നിഴലുകൾ നോക്കി വെടിവെക്കുവാനുള്ള
കഴിവുകൾ സ്വയമേവയഭിമാനമാക്കിയ
കഴുക വർഗ്ഗത്തിനു കൊന്നുതിന്നാലുള്ള
വഴികളാണിന്നു നാലാംകിട നാടുകൾ.

ഒന്നുമറിയാതെ നന്നായുറങ്ങുന്ന
പൊന്നു കിടാങ്ങളെയുമവറ്റയെ
പെറ്റു വളർത്തിയ തായമാരേയുമി-
ന്നൊറ്റയടിക്കു വക വരുത്തീടുവാൻ
മറ്റാർക്കു കഴിയുമമേരിക്കയിൽ നിന്നു
കേറ്റിയയച്ച തെമ്മാടികൾക്കല്ലാതെ.

എലിയെപ്പിടിക്കുവാനില്ലം ചുടുകയു-
മെല്ലാം കഴിഞ്ഞ ശേഷം നോം ജയിച്ചെന്നു
വലിയ വായിൽ വീമ്പിളക്കയും ചെയ്യുന്ന
വലിയേട്ടനോടു നാമെവിടെയാ വാഗ്ദത്ത
ഭൂമിയും നീതിയും സ്വാതന്ത്ര്യവും പിന്നെ-
യേമാന്റെ സ്വന്തം ജനായത്തവുമെന്ന്
കേട്ടാലവർ കൺമിഴിച്ചു നിന്നീടുമീ
മട്ടിലും മർത്ത്യരുണ്ടെന്നതാണതിശയം.!!

ഭീഷണിയാം വാൾമുനകളിൽ നിർത്തിയു-
മോശാരമായ്‌ വിഷം തേനിൽ കലക്കിയു-
മന്യ ദേശങ്ങളെ വരുതിയിൽ നിർത്തുവാ-
നെന്നും സമർത്ഥരാണീയൈക്യ നാടുകൾ.

തല്ലുന്നവന്നു തല്ലാനുള്ളതും തല്ല്
കൊള്ളുന്നവന്നതു തടയുവാനുമുള്ള
രണ്ടായുധങ്ങളും വിൽക്കുന്നതുമതി-
ലുണ്ടായ രക്തം കുടിക്കുന്നതുമൊരാൾ.

പണ്ടൊരാറിന്റെ താഴ്‌ ഭാഗങ്ങളിൽ നിന്നു
കൊണ്ടൊരാട്ടിൻ കുട്ടി വെള്ളം കുടിക്കവേ;
ഓതിയത്രെയൊരു ചെന്നായയാറിന്റെ
മീതെ നി"ന്നാടേ, കലക്കൊല്ല നീ നീര്"
താഴെക്കിടക്കുന്ന ഞാനെങ്ങനെ പ്രഭോ-
വൊഴുകുന്നയാറിന്റെ മീതെക്കലക്കുമെ-
ന്നാരാഞ്ഞയാടോട്‌ ചൊന്നു പോൽ ചെന്നായ
മുന്നം കലക്കിയിട്ടുണ്ടു നിൻ പൂർവ്വികർ.
ചാടിവീണുടനെയക്കശ്മലനാടിന്റെ
ചൂടുള്ള രക്തം കുടിച്ചു തിരിച്ചു പോയ്‌.

ന്യായങ്ങളൊക്കെയും പുകമറയാണിവർ-
ക്കന്യായ വൃത്തിയോ ജീവിത ചര്യയും
നീതി പീഠങ്ങളെല്ലാമീ വരേണ്യർ ത-
ന്നാധിപത്യത്തിലാണെന്നതുമോർക്കുക.

കണ്ടറിയാത്തവൻ കൊണ്ടറിയുമെന്ന
രണ്ടു വാക്കെങ്കിലുമോർമ്മയിൽ വെക്കുവാൻ
യാങ്കിയേമാന്മാർ മറന്നു പോകാതിരു-
ന്നെങ്കിലെന്നെങ്കിലുമാശിച്ചിടുന്നിവൻ.

Wednesday, December 22, 2010

പക്ഷിപ്പനി



പക്ഷിപ്പനി

മമ്മൂട്ടി കട്ടയാട്‌

ഷാര്ജടയിലെ കോര്ണീ‌ഷിൽ
കാറ്റു കൊള്ളാനിനിരിക്കുകയായിരുന്നു ഞാൻ;
സൈബീരിയയിൽ നിന്നെത്തിയ
മൂന്നു നാലു വെള്ളപ്പറവകൾ
പാറി വന്ന്‌ എന്റെ മുമ്പിൽ നിന്നു.

ഞാൻ നിരായുധനും
നിരുപദ്രവകാരിയുമായ
ഒരു മനുഷ്യ ജന്തുവാണെന്ന്‌ തോന്നിയതു കൊണ്ടാവാം
അവയിൽ തല മുതിര്ന്ന വൻ എന്നോട്‌ പറഞ്ഞു:
"സർ, ഞങ്ങളുടെ തലമുറകൾ
നൂറ്റാണ്ടുകളായി
ഈ കടൽ തീരത്ത്‌ വന്നു പോകുന്നു.
ഞങ്ങൾ ആരുടെയും വിളകൾ നശിപ്പിക്കുന്നില്ല,
ആരെയും കൊത്തി നോവിക്കുന്നിലാ
ഞങ്ങളുടെ പക്കൽ ബെല്റ്റു ബോംബുകളില്ല,
അന്നം തേടിയും
പൂര്വ്വേ പിതാക്കൾ ഞങ്ങളെ ഏല്പ്പിരച്ച
പ്രത്യുല്പ്പാ ദന കര്മ്മംക എന്ന
മഹത്തായ ദൗത്യം നിര്വ്വ ഹിക്കാനുമാണ്‌ വരുന്നത്‌.
നിങ്ങളുടെ പൂര്വ്വി്കർ ഞങ്ങളെ ആദരിച്ചിരുന്നു
പക്ഷെ, നിങ്ങളുടെ പുതിയ തലമുറകൾ
ഞങ്ങളെക്കുറിച്ച്‌ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നു
"പക്ഷിപ്പനി കൊണ്ടു വരുന്നത്‌ ഞങ്ങളാണത്രെ,
മാരക സംഹാര ശേഷിയുള്ള അണുക്കൾ
ഇറക്കുമതി ചെയ്യുന്നത്‌ ഞങ്ങളാണത്രെ,
പക്ഷികളും മൃഗങ്ങളും നാട്ടിലിറങ്ങിയിട്ടില്ലെങ്കിലും
നിങ്ങള്ക്ക്ൃ‌ രോഗം വരുന്നില്ലേ?
ആണവ പരീക്ഷണങ്ങൾ നടത്തിയും
ഇന്ധനങ്ങൾ കത്തിച്ചും
മാരകമായ സിഗ്നലുകൾ അന്തരീക്ഷത്തിൽ വിക്ഷേപിച്ചും
പ്രകൃതിയെ കശാപ്പു ചെയ്യുന്നതു ഞങ്ങളാണോ?
സർ, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്ക്ക് ‌
ഇതിനെതിരെ പ്രതികരിച്ചു കൂടേ?
എന്തിനാണ്‌ ഞങ്ങളെ വക വരുത്താൻ
നിങ്ങൾ വല വിരിക്കുന്നത്‌?.

അവയുടെ ചോദ്യങ്ങള്ക്കു മുമ്പിൽ
ഒരു നിമിഷം ഞാൻ പകച്ചു നിന്നു പോയി.
ഞാൻ അവയോടായി പറഞ്ഞു:
"പ്രിയപ്പെട്ട പറവകളേ,
നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു,
ഞാനീ നാട്ടുകാരനല്ല,
എനിക്കിവിടെ സ്വയം ഭരണാവകാശമില്ല,
എനിക്കു സമ്മതിദാനാവകാശമില്ല,
എനിക്കു ശബ്ദമേ ഇല്ല.
ഞാനും നിങ്ങളെപ്പോലെ
കടൽ കടന്നു വന്ന ദേശാടകനാണ്‌
നിങ്ങൾ സ്വയമേവ വരുന്നു
ഞങ്ങൾ വരാൻ നിര്ബ്ന്ധിതരായിരിക്കുന്നു
എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ഒന്നു കൂടി പറഞ്ഞാൽ നിങ്ങള്ക്കുപ ലഭിക്കുന്ന
അത്രയും പരിഗണന പോലും
ഞങ്ങള്ക്കുി ലഭിക്കുന്നില്ല.
കുറച്ചു പരിസ്ഥിതി പ്രവര്ത്തുകരെങ്കിലും
നിങ്ങള്ക്കുസ വേണ്ടി ശബ്ദിക്കുന്നുണ്ട്‌.
വരാൻ അനുവാദം വേണ്ടാത്തതു പോലെത്തന്നെ
പോകാനും നിങ്ങള്ക്കുനുവാദം വേണ്ട.
പക്ഷേ ഞങ്ങൾ അതിനുമപ്പുറത്താണ്‌.
തടവുപുള്ളികളെന്നാവും
ഞങ്ങള്ക്കുക പറ്റിയ ഏറ്റവും നല്ല പേര്‌.
രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ
ഞങ്ങൾ പരോളിന്‌ നാട്ടിൽ പോകുന്നു
ദാഹം മാറുന്നത്തിനു മുമ്പേ
പാനപാത്രങ്ങൾ ഞങ്ങളിൽ നിന്നും
പിടിച്ചു വാങ്ങുന്നു.
അകിടിൽ നിന്നും പശുക്കിടാവിനെ
വലിച്ചകറ്റുന്നതു പോലെ പിടിച്ചു കൊണ്ടു വന്ന്‌
വീണ്ടും ഞങ്ങളെ ഈ കുറ്റികളിൽ ബന്ധിക്കുന്നു
ഈ കയറിനു ചുറ്റും തിരിയാനേ ഞങ്ങൾക്കു
സ്വാതന്ത്യമുള്ളൂ.
ഈ തടവറകളിൽ ഞങ്ങൾ
ഏറ്റവും കടുത്ത പണിയെടുക്കുന്നു
അതിനുമാത്രമുള്ള പ്രതിഫലം ലഭിക്കുന്നില്ല.
അത്യാവശ്യം എന്തെങ്കിലും ലഭിക്കുന്ന തടവുകാരെ
ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന
ബ്ലേഡു കമ്പനിക്കാർ നിര്ത്തി പ്പൊരിക്കുന്നു
കൊല്ലാതെ തന്നെ ചോരകളൂറ്റിക്കുടിക്കുന്നു
മാന്യമായി കിടന്നുടങ്ങാനുള്ള അവകാശം പോലും
ഈയ്യിടെയായി ഞങ്ങള്ക്കുന നിഷേധിക്കുന്നു
അവിവാഹിതരായ ചെറുപ്പക്കാർ
(വിവാഹം കഴിഞ്ഞിട്ടും ഭാര്യമാർ കൂടെയില്ലാത്തവർ
എന്നും ഇതിനര്ത്ഥ മുണ്ട്‌)
വലിയ സാമൂഹ്യ പ്രശ്നങ്ങളാണത്രെ!.
അവരെ പട്ടികളെപ്പോലെ
ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും
ആട്ടിപ്പായിക്കുന്നു.
കുശലം പറയാൻ വെളിസ്ഥലത്ത്‌ കൂടിയിരുന്നാൽ
ഇവിടുത്തെ ബഹുമാനപ്പെട്ട പത്രപ്രവര്ത്തകകർ
ഞങ്ങളുടെ ചിത്രമെടുത്ത്‌
അധികാരികള്ക്കാമയി അടിക്കുറിപ്പെഴുതുന്നു:
"അധികരിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ" എന്ന്‌.
എങ്ങനെയെങ്കിലും ഇണക്കിളികളെ
പിടിച്ചു കൊണ്ടുവരുന്നവരെയും
ജീവിക്കാനനുവദിക്കുന്നില്ല.
"വര്ധിനച്ചു വരുന്ന സാഹചര്യങ്ങളിൽ
പൊരുത്തപ്പെടാൻ തയ്യാറാവുക,
അല്ലെങ്കിൽ സ്ഥലം വിടുക,
നിങ്ങളില്ലെങ്കിൽ ഞങ്ങൾ മറ്റു നാട്ടുകാരെ കൊണ്ടുവരും
മ,അസ്സലാം...."

ക്ഷമിക്കണം പറവാസുഹൃത്തുക്കളേ,
ഞങ്ങൾ മടങ്ങിപ്പോകാൻ ഇടമില്ലാത്ത
ദേശാടനക്കിളികൾ!!
കുറ്റം ചെയ്യാത്ത തടവു പുള്ളികൾ
യുദ്ധം വരാതെ തന്നെ
അഭയാര്ഥിരകളായവർ.

ഒരു സാഹചര്യത്തിലും അടിയറവു പറയാത്ത
ആത്മാഭിമാനം ഞങ്ങള്ക്കുയണ്ടായിരുന്നു
ആരുടെ മുമ്പിലും കൈ കാണിക്കാതെ
നടു നിവര്ത്തി നില്ക്കാ ൻ കഴിയുന്ന ഒരു നട്ടെല്ലും.
അതു കൊണ്ടാണല്ലോ ഞങ്ങൾ
ഇങ്ങോട്ടു പോന്നത്‌.
ഇപ്പോൾ അതും നഷ്ടപ്പെടുമോ
എന്ന ഭയം ഞങ്ങളെ പിടികൂടുന്നുണ്ടോ
എന്നു സംശയിച്ചു പോവുകയാണ്.
ചൂട്‌ വല്ലാതെ കൂടുന്നു
ഒന്നും തൊടാൻ കഴിയുന്നില്ല
എല്ലാറ്റിനും പൊള്ളുന്ന വിലയാണ്‌!!
എന്തോ ഒരന്യ വല്ക്കുരണം
എപ്പോഴും എല്ലായിടത്തും.

എന്റെ കഥകൾ കേട്ട വെള്ളപ്പിറാവുകൾ
തരിച്ചു നിന്നു പോയി.
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ
അവരുടെ കണ്ണുകൾ സജലങ്ങളായിരിക്കുന്നത്‌
എന്റെ ശ്രദ്ധയിൽ പെട്ടു.

അവർ എന്നോട്‌ പറഞ്ഞു
"നിങ്ങളുടെ വേദനകളിൽ ഞങ്ങളും പങ്കു ചേരുന്നു
തുറന്നു വിടപ്പെട്ട തത്തകളോടും ലൗ ബേഡുകളോടും
ഞങ്ങളുടെ അന്വേഷണം പറയുക
നിങ്ങള്ക്കു് തരാൻ ഞങ്ങളുടെ പക്കൽ ഒന്നുമില്ല
ദൈവം ഞങ്ങള്ക്കുണ തന്ന സൗന്ദര്യം
ഒരു നിമിഷം നിങ്ങള്ക്കാകയി ഞങ്ങൾ സമര്പ്പി ക്കുന്നു”.

അതിനു ശേഷം അവർ ജലാശയത്തിനു മുകളിൽ
എനിക്കു വേണ്ടി മനോഹരമായ
ഒരു നൃത്ത വിരുന്ന്‌ കാഴ്ച്ച വെച്ചു.
അവരുടെ ശബ്ദത്തിൽ കഴിയാവുന്നത്ര ഭംഗിയായി
പാട്ടു പാടുകയും ചെയ്തു.
(Nov. 2008)

Sunday, December 19, 2010

പിന്നെയും യാചനയോ?



പിന്നെയും യാചനയോ? .1

മമ്മൂട്ടി കട്ടയാട്‌.

ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്‌.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്‌
മോചനം തേടിയലഞ്ഞു തിരിഞ്ഞത്‌.

എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ്‌ വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.

ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്‌
ശോഷണം വന്നുവോ, ഭൂഷണമല്ലത്‌.

* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!

കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ്‌ മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.

എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാനുമിന്നില്ലനുമതി
സമ്മതി ദാനവുമസ്തിത്വവും
നമ്മൾക്കയിത്തമാണീ ഭൂമിയിൽ

അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്‌
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്‌.

ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?

കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
---------------------------------
1. രണ്ടായിരത്തിയൊമ്പത്‌ ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന പരാതിക്ക്‌ ഒരു വിയോജനക്കുറിപ്പ്‌.

Saturday, December 18, 2010

പ്രവാസ ഗീതം.



പ്രവാസ ഗീതം.

മമ്മൂട്ടി കട്ടയാട്‌.

കരയും കിടാങ്ങളെ പാടിയുറക്കിയു-
മരിയില്ലാതുഴറുമൊരിണയെ മയക്കിയു-
മെരിയും വയറിന്മേൽ മുണ്ടു മുറുക്കിയും
വിരിയും വികാരങ്ങൾ മണ്ണിലടക്കിയു-
മൊരു പറ്റം പറവകൾ പാരാവാരത്തിന്റെ
മറുകരയിലേക്കു പാറിപ്പോയി.

പൊരിയുന്ന വെയിലിലും കരിയാതെയാവേശം
കരഗതമാക്കിയോരാ ഖഗങ്ങൾ
ഇരവും പകലും തന്നുടയവർക്കായ്‌ കൊടും
മരുഭൂമിയിലും ചികഞ്ഞീടുന്നു.

മൂവന്തിയായാലുമധ്വാനിക്കുന്നയി-
പ്പാവങ്ങൾക്കു കിട്ടുന്നതു തെല്ലു-
മാവുന്നില്ലാശ്വാസമാകാനവർക്കു-
മവരിലാശ വെക്കുമാശ്രിതർക്കും.

എല്ലു മുറിയെപ്പണിതിട്ടും പിന്നീട്‌
പല്ലു മുറിയെക്കഴിക്കുവാനോ,
വല്ലതും ബാക്കിവച്ചു ശേഷിക്കും കാല-
മല്ലലില്ലാതെ കഴിയുവാനോ,-
യെന്തു കൊണ്ടോവാകുന്നില്ലയിവറ്റകൾ-
ക്കെന്താണു കാരണമെന്നു ചൊല്ലാൻ
ബുദ്ധിമാൻമാർക്കും കഴിയുന്നില്ലവരുടെ-
യന്ത്യമൊരു ചോദ്യ ചിഹ്നമല്ലോ?

തിന്നു കൊഴുക്കുമിറച്ചിക്കോഴിയെപ്പോൽ
എന്നുമിവർ വേഗം വലുതാകുന്നു
പിന്നീടേതോ വമ്പന്മാരുടെ മേശയ്ക്കു
മുന്നിലെയന്നമായ്‌ മാറീടുന്നു.

എന്തിനു വേണ്ടിയധ്വാനിക്കുന്നുവെന്നോ
യെന്തിനു വേണ്ടി വളരുന്നെന്നോ?
ശുദ്ധ മനസ്ക്കരിവർക്കറിയുന്നില്ല
കത്തിയെരിയുന്ന തിരിയാണിവർ.

കാനൽ ജലം കണ്ട്‌ ദാഹം തീർക്കാൻ മണൽ-
ക്കൂനകൾ താണ്ടുമൊട്ടകങ്ങളായ്‌
പിന്നേയും പിന്നേയുമന്വേഷിച്ചകലങ്ങൾ
ചെന്നു തിരഞ്ഞു മടുക്കുന്നിവർ.


മദ്യവും ലഹരിയും പോലെ മനുഷ്യനെ-
യുന്മാദനാക്കുന്നു ദേശാടനം.
പതിയെത്തുടങ്ങിക്കഴിഞ്ഞാലതു മാറാ
വ്യാധി പോൽ കെണിയിൽ കുരുക്കീടുന്നു.

ദേശാടനം ചെയ്യും കിളികളുമവരുടെ
ദേശത്തിലേക്കു തിരിച്ചു പോകും.
ദേശം വെടിഞ്ഞ മനുഷ്യന്മാർക്കോ സ്വന്തം
ദേശങ്ങൾ ശേഷമന്യമായ്‌ മാറും.

* * * *

വേപഥു വേണ്ടാ, പ്രവാസ ബന്ധൂ, നമ്മ-
ളാപേക്ഷികം കൊണ്ടളന്നിടേണം
ഇല്ലാത്തതിന്റെ കണക്കെടുക്കുമ്പോഴു-
മുള്ളതിനെക്കുറിച്ചോർമ്മ വേണം.

ലക്ഷക്കണക്കിനു മാനവർ ഭൂമിയിൽ
ഭക്ഷണമില്ലാതലഞ്ഞിടുമ്പോൾ
കൊച്ചു വയറുനിറച്ചങ്ങകലെ സു-
ഭിക്ഷമായ്‌ കഴിയുന്നു നിൻ കിടാങ്ങൾ

വോട്ടു ലഭിച്ചാലെല്ലാമായെന്നു നമ്മ-
ളൊട്ടും നിനക്കൊല്ല, സ്വന്തം നാട്ടിൽ
വോട്ടു ചെയ്യുന്നില്ലേയാറു ദശാബ്ദമ-
ക്കൂട്ടരെന്നിട്ടെന്തേ സ്വർഗ്ഗം വന്നോ?

ഉള്ളതു കൊണ്ടുള്ളതു പോൽ കഴിയുവാ-
നുള്ള മനസ്സിന്നുടമകളു-
മെല്ലാമടക്കി വാഴുന്ന മന്നന്മാരും
തുല്യരാണീ മണ്ണിലന്നു മിന്നും 1

എല്ലാമുണ്ടായിട്ടുമത്യാഗ്രഹങ്ങൾക്കാ-
യില്ലോരതിരെങ്കിലാ ധനാഢ്യൻ
എച്ചിൽ തിരഞ്ഞു നടക്കുന്ന ശ്വാനൻ പോൽ
മ്ലേച്ഛനാണൊന്നും തികയുകില്ല.
--------------------------------
1. ഇമാം ശാഫി(റ)യുടെ വാക്കുകളോട്‌ കടപ്പാട്‌
July 2009